Editorial
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികമാണ്. പക്ഷേ, ഒരിക്കൽ ഈ രാജ്യത്തെ ഒന്നിപ്പിച്ച ആ ദേശഭക്തിഗാനം ഇപ്പോൾ ഭിന്നതയുടെ ചർച്ചാവിഷയമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വന്ദേമാതരം നീട്ടിപ്പാടുന്നു.
ലക്ഷക്കണക്കിനു ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്നു പാർലമെന്റിൽ പറഞ്ഞ പ്രധാനമന്ത്രി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നേതാക്കളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തെ സാമ്രാജ്യവിരുദ്ധ കൊടുങ്കാറ്റാക്കിയപ്പോൾ സംഘപരിവാർ എവിടെയായിരുന്നു എന്ന ചോദ്യം കോൺഗ്രസിന്റേതല്ല, ചരിത്രത്തിന്റേതാണ്. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെയല്ല, സ്വാതന്ത്ര്യസമരം വന്ദേമാതരത്തെയാണ് സൃഷ്ടിച്ചത്. ഒന്നിനെയും നിന്ദിക്കരുത്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. 1870കളിൽ, ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് വന്ദേമാതരം രചിക്കപ്പെട്ടതത്രേ. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഗാനം അതിൽ ഉൾപ്പെടുത്തി. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്.
മാതൃഭൂമിയെ രക്ഷിക്കാൻ അണിനിരന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ നെഞ്ചിലെ ദേശസ്നേഹത്തിന്റെ കടലിരന്പം ബ്രിട്ടീഷ് സാമ്രാജ്യം കേട്ടത് വന്ദേമാതരത്തിലൂടെയായിരുന്നു. അതിൽ ദേശഭക്തിയും മുദ്രാവാക്യവും മുന്നറിയിപ്പും കണ്ട ബ്രിട്ടീഷുകാർ അതു നിരോധിച്ചു. പക്ഷേ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ തുരത്താനിറങ്ങിയ ദേശാഭിമാനികൾ വന്ദേമാതരം തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടി. പലരും ജയിലിലായി. ഇതൊക്കെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പുളകിത ഭാഗങ്ങളാണ്.
ആ ചരിത്രത്തേക്കാൾ പ്രാധാന്യം മറ്റു ചിലതിനു കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ രാജ്യം കാണുന്നത്. 1937ല്‍ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് കഴിഞ്ഞ മാസം വിവാദത്തിനു തുടക്കമിട്ടത്. വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള്‍ വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വന്ദേമാതരം ചർച്ചയ്ക്കെടുത്തപ്പോൾ പാർലമെന്റിനകത്തും പുറത്തും ബിജെപി നേതാക്കൾ മോദിയുടെ ഭാഷ്യം ഏറ്റെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിക്കൊപ്പം നിന്ന, പലപ്പോഴായി ഒന്‍പതു വർഷത്തോടടുത്ത് രാജ്യത്തിനുവേണ്ടി ജയിലിൽ കിടന്ന, സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രീയത്തിലും സാന്പത്തികനഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ലാത്ത, വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഭാരതീയ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിൽ നാളിതുവരെ മോദി നന്മകളൊന്നും കണ്ടെത്തിയിട്ടില്ല.
അതിശയമില്ല; സംഘപരിവാറിന്റെ വർഗീയ നിലപാടുകളെ അദ്ദേഹം അത്രയ്ക്ക് എതിർത്തിട്ടുണ്ട്. മാത്രമല്ല, 1937ലെ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡങ്ങൾ മാത്രം മതിയെന്നു തീരുമാനിച്ചതെങ്കിൽ നെഹ്റുവിനൊപ്പം അതിൽ പങ്കെടുത്ത ഗാന്ധിജിയും ടാഗോറും സർദാർ പട്ടേലും നേതാജിയുമൊക്കെ കുറ്റപത്രത്തിലുണ്ടാകും; അതു വേണോ?
വന്ദേമാതരത്തിലെ ഒഴിവാക്കിയ ഭാഗങ്ങളില്‍ എതിര്‍പ്പിനു കാരണമായ മതപരമായ ചില ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിനുള്ളില് ഐക്യം ഉറപ്പാക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് രവീന്ദ്രനാഥ ടാഗോര്‍ ജവഹര്‍ലാല്‍ നെഹ്റുവിന് അയച്ച കത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ധരിച്ചു. അതുപോലെ, വന്ദേമാതരം പൂർണമായി പാടണമെന്ന അഭിപ്രായം നേതാജി സുഭാഷ് ചന്ദ്രബോസിന് ഉണ്ടായിരുന്നെന്ന വാദവുമുണ്ട്.
സ്വാതന്ത്ര്യസമരത്തിൽ ബോസിന്റെ പങ്കായിരുന്നില്ല, ഗാന്ധിജിക്കും നെഹ്റുവിനും ഉണ്ടായിരുന്നത്. ധീരദേശാഭിമാനിയെങ്കിലും അദ്ദേഹത്തിന്റെ തീവ്ര ആശയങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെയും ആകർഷിച്ചില്ല. പക്ഷേ, കോൺഗ്രസിന് സകലരെയും സാമ്രാജ്യത്വവിരുദ്ധ സേനാനികളാക്കണമായിരുന്നു. ഒന്നിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ!
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ, എണ്ണമറ്റ ജാതി-മത-വർണങ്ങളിൽപ്പെട്ട ഇന്ത്യക്കാരെ ഒറ്റ നൂലിൽ കോർത്ത കോൺഗ്രസിന്റെ നേതാക്കൾ ചെയ്ത വിട്ടുവീഴ്ചകൾ ബിജെപി ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തോക്കിൻമുനയിലും ജയിലിലും തെരുവിലുമൊക്കെയായി ആ മഹാത്യാഗികൾ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിക്കുകയായിരുന്നെന്നു മറക്കരുത്.
മാത്രമല്ല, രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, വർഗീയ ചേരിതിരിവ്, ന്യൂനപക്ഷവിരുദ്ധത, വോട്ടർപട്ടികയിലെ അപാകങ്ങൾ, പട്ടികയുടെ തീവ്രപരിഷ്കരണത്തിലെ ന്യൂനതകൾ, വികസനപ്രക്രിയകൾ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യേണ്ടതിനു പകരമാകുമോ സമാനതകളില്ലാത്ത വിജയമായി മാറിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐക്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചകൾ?
എന്തായാലും, സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കില്ലാത്തവർ, അതിന്റെ ഭാഗമായിരുന്ന വന്ദേമാതരത്തിന്റെ പേരിൽ സ്വാതന്ത്ര്യസമരസേനാനികളെ പഴിക്കുന്നത് കറുത്ത ഫലിതമാണ്. ഇപ്പോഴെത്ര പൂർണഖണ്ഡങ്ങൾ പാടിയാലും അന്നത്തെ രണ്ടു ഖണ്ഡങ്ങളോളം വരുമോ?
National
ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിലെ ചില ശ്ലോകങ്ങൾ മുഹമ്മദലി ജിന്നയുടെ താത്പര്യത്തിൽ നീക്കം ചെയ്തത് അംഗീകരിച്ചതുവഴി ജവഹർലാൽ നെഹ്റുവും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും മോദി ലോക്സഭയിൽ ആരോപിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റിൽ ഇന്നലെ നടന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയിയും അക്കമിട്ടു നിരത്തിയ വാദങ്ങളിലൂടെ മോദിയുടെ ആരോപണങ്ങൾക്ക് തിരിച്ചടി നല്കി.
രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരെയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായവരെയും ഇകഴ്ത്തിക്കാട്ടാനാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ അടക്കം പങ്കെടുക്കാതിരുന്നവരുടെ പാഴ്ശ്രമമെന്നു കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ മുസ്ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങിയ പ്രീണന രാഷ്ട്രീയമാണു കോണ്‍ഗ്രസിന്റേതെന്നു മോദി ആരോപിച്ചു. മുസ്ലിം പ്രീണന രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് എംഎംസി (മുസ്ലിം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ്) ആയി മാറിയെന്ന് മോദി പരിഹസിച്ചു.
വന്ദേമാതരത്തിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങി. ഭരണഘടനയുടെ കഴുത്തു ഞെരിച്ചു. വന്ദേമാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിപ്പോഴെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ മഹത്തായ ഭൂതകാലം മുതൽ ജിന്നയ്ക്കും മുസ്ലിം ലീഗിനും കോണ്‍ഗ്രസ് കീഴടങ്ങിയെന്നുവരെയുള്ള പ്രസ്താവനകളോടെയാണു പ്രധാനമന്ത്രി മോദി ലോക്സഭയിലെ പത്തു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു തുടക്കം കുറിച്ചത്. രാജ്യസഭയിൽ ഇന്നു നടക്കുന്ന വന്ദേമാതരം ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കും.
വിവാദ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു രണ്ടുദിവസം നീളുന്ന 10 മണിക്കൂർ ചർച്ച ഇന്നു ലോക്സഭയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണു സൂചന.
National
ന്യൂഡൽഹി: ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് വന്ദേമാതരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ ഗാനം നമ്മെ പ്രചോദിപ്പിക്കുകയും ഊർജസ്വലമാക്കുകയും വേണം.
2047 ആകുന്പോഴേക്കും രാഷ്ട്രത്തെ സ്വാശ്രയവും വികസിതവുമാക്കാനുള്ള ദൃഢനിശ്ചയം നാം ആവർത്തിക്കേണ്ടതുണ്ടെന്ന് ലോക്സഭയിൽ വന്ദേമാതരം ചർച്ചയ്ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയഗീതത്തെ ചില ശക്തികൾ ഒറ്റിക്കൊടുത്തു (വിശ്വാസ് ഘാട്ട്). ആരാണിതു ചെയ്തതെന്നു വരുംതലമുറകളോടു പറയേണ്ടതു നമ്മുടെ കടമയാണ്. 1937ൽ മുഹമ്മദ് അലി ജിന്ന അതിനെ എതിർത്തു. നെഹ്റുവിനു തന്റെ സിംഹാസനം ഇളകുന്നതായി തോന്നി.
മുസ്ലിം ലീഗിന്റെ മുദ്രാവാക്യങ്ങളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും പകരം, ജിന്നയോട് യോജിച്ച് അദ്ദേഹം നേതാജി സുഭാഷ് ബോസിന് എഴുതി. ആനന്ദമഠത്തിന്റെ സന്ദർഭം മുസ് ലിംകളെ പ്രകോപിപ്പിക്കുമെന്ന് അദ്ദേഹം എഴുതി.
വന്ദേമാതരം പരിശോധിക്കാൻ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. രാജ്യമെന്പാടുമുള്ള ദേശീയവാദികൾ ഇതിനെതിരേ രംഗത്തെത്തി. പക്ഷേ, നിർഭാഗ്യവശാൽ, മുസ്ലിം ലീഗിന് മുന്നിൽ കോണ്‍ഗ്രസ് കീഴടങ്ങി. വന്ദേമാതരം വിഭജിച്ചു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നിത്. ഈ മാനസികാവസ്ഥ വിഭജനത്തിലേക്ക് നയിച്ചുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു. രാജ്ഞിക്ക് ദീർഘായുസ് എന്ന ഗാനത്തിനുള്ള പ്രതികരണമായിരുന്നു അത്. വന്ദേമാതരം നിരോധിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. കവിതയുടെ അച്ചടിയും പ്രചാരണവും തടയാൻ അവർ നിയമങ്ങൾ കൊണ്ടുവന്നു.
ബ്രിട്ടീഷുകാർ ബംഗാളിലൂടെ വിഭജനത്തിന്റെ വിത്തുകൾ വിതച്ചു. പക്ഷേ വന്ദേമാതരം ദേശീയ ഐക്യത്തിനുള്ള ഇഴയും ഗാനവുമായി മാറി. ഭൂമി അമ്മയാണെന്നും നമ്മൾ ഭൂമിയുടെ മകനാണെന്നുമാണു വന്ദേമാതരത്തിൽ പറയുന്നതെന്നും മോദി വിശദീകരിച്ചു.
Kerala
പാലക്കാട്: വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചാരണങ്ങളിൽ ഒരു ആത്മാർഥതയുമില്ലെന്ന് അവരുടെ പ്രവർത്തനം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാലക്കാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ശാഖകളിൽ വന്ദേമാതരം ആലപിക്കാറില്ല.
ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണു ബിജെപിയുടേത്. കെസി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു ചേർത്ത് ഗവർണർ ആർ.വി. അർലേക്കർ. വന്ദേമാതരം ഗീതത്തിന്റെ 150-ാം വാർഷികം സർവകലാശാലകളിൽ വിവിധ പരിപാടികളോട് ആചരിക്കണമെന്നു ഗവർണർ നിർദേശിച്ചു.
മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണമെന്നു ഗവർണർ നിർദേശം നൽകി. സ്വാതന്ത്ര്യ സമരത്തിന്റെ അന്തഃസത്ത സമൂഹത്തിലെ എല്ലാ നിലകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നു ഗവർണർ അറിയിച്ചു.
വിദ്യാർഥി ഹോസ്റ്റലുകളിലെ നിയമങ്ങൾ കർശനമായി പാലിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഗവർണർ നിർദേശം നൽകി. കാന്പസുകളിലെ റാഗിംഗ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കൻ തീരുമാനിച്ചു.
കഴിഞ്ഞ വർഷം വയനാട്ടിലെ വെറ്ററിനറി സർവകലാശാലാ കാന്പസിൽ വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിനു കാരണമായ റാഗിംഗിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നിർദേശങ്ങൾ.
National
ഗോരഖ്പുർ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ പാടുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നടപടി ഭാരത മാതാവിനോടുള്ള ബഹുമാനവും അഭിമാനവും ഉണർത്തുമെന്നും ഗോരഖ്പുരിൽ നടന്ന ‘ഏകതാ യാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“സ്വാതന്ത്ര്യ സമരകാലത്ത് ഈ ഗാനമാണ് രാഷ്ട്രത്തിന്റെ ആത്മബോധത്തെ ഉണർത്തിയത്.സ്വാതന്ത്ര്യത്തിനുവേണ്ടി പോരോടിയ ഓരോ വിപ്ലവകാരിയുടെയും യുവാവിന്റെയും സ്ത്രീയുടെയും കുട്ടിയുടെയും ചുണ്ടിൽ വന്ദേമാതരം ഉണ്ടായിരുന്നു. വന്ദേമാതരത്തെ വക്രീകരിക്കാനും എതിർക്കാനും ശ്രമിച്ചവരെല്ലാം ഇന്ത്യയുടെ ഐക്യത്തെ തകർക്കുകയായിരുന്നു.
1923ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് സഹസ്ഥാപകൻ മുഹമ്മദ് അലി ജൗഹർ ഈ ദേശീയ ഗീതത്തെ എതിർത്തപ്പോൾ രാജ്യത്തിന്റെ വിഘടനം ആരംഭിച്ചു. അന്ന് വന്ദേമാതരത്തെ കോൺഗ്രസ് ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു”- ആദിത്യനാഥ് പറഞ്ഞു.
Leader Page
സ്വാതന്ത്ര്യത്തിന്റെ മന്ത്രമായി നമ്മുടെ സിരകളിൽ അലിഞ്ഞുചേർന്ന ദേശീയഗീതമായ ‘വന്ദേമാതരം’ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ചിട്ട് 150 വർഷം പിന്നിടുകയാണ്. ‘ത്യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ട ഗാനം’ എന്ന് മഹാത്മാഗാന്ധിയും ‘നമ്മുടെ ഉണർത്തുപാട്ട്’ എന്ന് ജവഹർലാൽ നെഹ്റുവും വിശേഷിപ്പിച്ച വന്ദേമാതരം ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി തലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എഴുതിയത് സംസ്കൃതം കലര്‍ന്ന ബംഗാളിയില്‍ ആണെങ്കിലും ഭാഷയ്ക്കതീതമാണ് വരികള്‍. 1870കളിൽ ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത് എന്ന് കരുതപ്പെടുന്നു.
1875 നവംബര്‍ ഏഴിനാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയിലൂടെ ഗാനം പിറവിയെടുത്തത്. ബങ്കിം ചന്ദ്ര ചാറ്റർജി തന്നെ രചിച്ച ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായാണ് വന്ദേമാതരം ആദ്യമായി പുറത്തുവന്നത്. 1909 നവംബര്‍ 20നാണ് കര്മയോഗിന് എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ദേമാതരത്തിന്റെ വിവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. 1923ൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രശസ്ത ഗായകൻ വി.ഡി. പാലുസ്കർ കാഫി രാഗത്തിൽ വന്ദേമാതരം ആലാപനം നടത്തി.
ഒരു കവിയുടെ കേവലമായ ഭാവന മാത്രമായിരുന്നില്ല വന്ദേമാതരം എന്ന ഗാനം. മാതൃരാജ്യത്തിന്റെ അതിജീവനവും അതിനെ സംരക്ഷിക്കാനുള്ള തീവ്രമായ ഇച്ഛാശക്തിയെ പരിപോഷിപ്പിക്കുന്ന ആത്മാവിന്റെ നൊമ്പരപ്പെടുത്തുന്ന മുറവിളിയുമായിരുന്നു അത്. ഒരുമിച്ച് ഒരൊറ്റ സ്വപ്നം കാണാന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വരികള്‍ ജനതയോട് ആഹ്വാനം ചെയ്തു. ആനന്ദമഠം വായനക്കാരിലേക്ക് എത്തിയതോടെ, നോവലിലെ ആ ഗാനം രാജ്യത്തിന്റെ സിരകളിലേക്ക് അതിവേഗം പടർന്നു. 1896ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ആലപിച്ചപ്പോഴാണ് ഒരു സങ്കീര്‍ത്തനംപോലെ വന്ദേമാതരം ആദ്യമായി ജനങ്ങള്‍ ശ്രവിച്ചത്. ബംഗാളിന്റെ ദേശീയഗാനമെന്ന് അരബിന്ദോ വിശേഷിപ്പിച്ച വന്ദേമാതരത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിച്ചത് ടാഗോറാണ്.
1905ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളിൽ വന്ദേമാതരം പ്രതിരോധത്തിന്റെ ഗാനമായി അലയടിച്ചു. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബടുകേശ്വര്‍ ദത്ത് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികള്‍ വന്ദേമാതരം മുഴക്കിക്കൊണ്ട് സധൈര്യം കഴുമരത്തിലേക്ക് നടന്നുനീങ്ങി. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഗാനമാക്കി. നിരവധി സ്വാതന്ത്രസമരസേനാനികൾ വന്ദേമാതരം ആലപിച്ചു എന്ന കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.
1907ല്‍ ജർമനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്. 1909 സെപ്റ്റംബറിൽ പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘ബന്ദേ മാതരം’ എന്ന പേരിൽ മാഡം ഭിക്കാജി കാമ പത്രം ആരംഭിച്ചു. വന്ദേ മാതരം ബ്രിട്ടീഷുകാർ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് മാഡം കാമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചത്.
1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി ദേശീയഗീതമായി പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷുകാർ വീണ്ടും വന്ദേമാതരം നിരോധിച്ചു. 1947ൽ ഭരണഘടനാ നിർമാണസഭ രൂപീകരിക്കപ്പെട്ടപ്പോൾ ഭാഷാപരമായ സാർവത്രികത മൂലം ‘ജന ഗണ മന’ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.
ദൗർഭാഗ്യവശാൽ ദേശീയഗീതത്തിന്റെ 150-ാം വാർഷികംപോലും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഭരണാധികാരികൾ ഉപയോഗിക്കുന്നത് അത്യന്തം ദുഃഖകരമാണ്. 1937ൽ വന്ദേമാതരത്തിലെ ‘നിർണായക’ വരികൾ നീക്കം ചെയ്തുവെന്നും അത് ഗാനത്തെ വിഘടിപ്പിക്കുകയും രാജ്യവിഭജനത്തിന് വിത്ത് വിതയ്ക്കുകയും ചെയ്തുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ടെത്തൽ. 1937ൽ, വന്ദേമാതരത്തിന്റെ വെട്ടിച്ചുരുക്കിയ പതിപ്പ് കോൺഗ്രസ് രാജ്യത്തിന്റെ ദേശീയ ഗാനമായി സ്വീകരിച്ചുവെന്നും യഥാർഥ ആറ് ഖണ്ഡങ്ങളിൽ നാലെണ്ണം ഒഴിവാക്കിയെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദുർഗാദേവിയെ സ്തുതിക്കുന്ന ഭാഗം വന്ദേമാതരത്തിൽനിന്നു നെഹ്റു മനപ്പൂർവം നീക്കം ചെയ്തെന്നാണ് വിമർശനം.
1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ വന്ദേമാതരത്തിന്റെ അവസാന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രിയുടെ വിമർശനം. ബിഹാറിലെ പറ്റ്നയില്‍ ബിജെപി ഓഫിസില്‍ നടന്ന വന്ദേമാതരം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. മഹാകവി ടാഗോറിന്റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനത്തിന് അഞ്ചു ചരണങ്ങളുള്ളതിൽ ആദ്യത്തെ ചരണം മാത്രമാണ് ദേശീയ ഗാനമായി എടുത്തിട്ടുള്ളത്. സമാനമായിട്ടാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിച്ചത്.
മഹാകവി ടാഗോർ തന്നെയാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിക്കാൻ നിർദേശിച്ചത് എന്ന ചരിത്രവസ്തുതകളെ മനഃപൂർവം മൂടിവച്ചുകൊണ്ടാണ് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നത്. എത്രമാത്രം വിവാദങ്ങൾ ഉയർത്തിവിട്ടാലും ദേശസ്നേഹത്തിന്റെ ഒടുങ്ങാത്ത അഗ്നിയായി വന്ദേമാതരാം തലമുറകളിലൂടെ അനസ്യൂതം പ്രവഹിക്കും എന്നതിൽ സംശയമില്ല.
National
ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.
ഗീതത്തിന്റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറിന്റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.
1896ലെ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്റെ പ്രവർത്തകസമിതി രാജ്യത്തിന്റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.
1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.
Leader Page
നമ്മുടെ രാഷ്ട്രത്തിന്റെ ദീർഘവും പ്രചോദനാത്മകവുമായ യാത്രയിൽ ഗാനങ്ങളും കലയും പ്രസ്ഥാനങ്ങളുടെ ആത്മാവായി മാറുകയും കൂട്ടായ വികാരത്തെ പ്രവർത്തനത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്ത നിരവധി നിർണായക നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഛത്രപതി ശിവാജിയുടെ സൈന്യത്തിന്റെ യുദ്ധഗീതങ്ങളായാലും സ്വാതന്ത്ര്യസമരകാലത്ത് ആലപിച്ച ദേശഭക്തിഗാനങ്ങളായാലും അടിയന്തരാവസ്ഥക്കാലത്തെ യുവാക്കളുടെ ധീരമായ ഈണങ്ങളായാലും ഇന്ത്യൻ സമൂഹത്തിൽ ഗാനങ്ങൾ എപ്പോഴും കൂട്ടായ ബോധത്തെയും ഐക്യത്തെയും ഉണർത്തിയിട്ടുണ്ട്.
അക്കൂട്ടത്തിൽ ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’വും ഉൾപ്പെടുന്നു. അതിന്റെ കഥ ആരംഭിച്ചത് യുദ്ധക്കളത്തിലല്ല; മറിച്ച്, പണ്ഡിതനായ ബങ്കിംചന്ദ്ര ചാറ്റർജിയുടെ ശാന്തവും എന്നാൽ ദൃഢനിശ്ചയമുള്ളതുമായ മനസിലാണ്. 1875ൽ, ജഗദ്ധാത്രി പൂജയുടെ (കാർത്തിക് ശുക്ലനവമി അഥവാ അക്ഷയനവമി) ശുഭവേളയിൽ, അദ്ദേഹം രാജ്യസ്വാതന്ത്ര്യത്തിന്റെ നിത്യഗാനമായി മാറുന്ന ഒരു ഗീതം രചിച്ചു. പവിത്രമായ ആ വരികളിൽ, രാജ്യത്തിന്റെ ഏറ്റവും ആഴമേറിയ നാഗരിക വേരുകളിൽനിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. അഥർവ വേദത്തിന്റെ “മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാ” (ഭൂമി എന്റെ അമ്മയാണ്, ഞാൻ അവളുടെ മകനാണ്) എന്ന പ്രഖ്യാപനം മുതൽ ദേവീമാഹാത്മ്യത്തിലെ ദിവ്യമാതാവിനെക്കുറിച്ചുള്ള പ്രാർഥനവരെ ഇതിന് ആധാരമായി.
ബങ്കിം ബാബുവിന്റെ വാക്കുകൾ ഒരേ സമയം പ്രാർഥനയും പ്രവചനവുമായിരുന്നു. ‘വന്ദേമാതരം’ വെറും ദേശീയഗീതമോ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജീവരക്തമോ ആയിരുന്നില്ല. ബങ്കിംചന്ദ്രയുടെ സാംസ്കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യ വെറും ഭൂമിശാസ്ത്രപരമായ പ്രദേശമല്ല; മറിച്ച് ഭൂപടത്തിലെ വരകളിൽ ഒതുങ്ങാതെ, പൊതുവായ സംസ്കാരം, സ്മരണ, ത്യാഗം, വീര്യം, മാതൃത്വം എന്നിവയാൽ ഐക്യപ്പെട്ട ഭൂ-സാംസ്കാരിക നാഗരികതയാണ് എന്ന് അത് നമ്മെ ഓർമിപ്പിച്ചു. ഇത് വെറും ഭൂമിയല്ല; ഭക്തിയും കർത്തവ്യബോധവുംകൊണ്ട് പുണ്യമായ തീർഥമാണ്; ഒരു പുണ്യഭൂമിയാണ്.
മഹർഷി അരബിന്ദോ വിവരിച്ചതുപോലെ, ബങ്കിം ആധുനിക ഇന്ത്യയുടെ ഋഷിവര്യനായിരുന്നു. അദ്ദേഹം തന്റെ വാക്കുകളിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ വെറുമൊരു നോവൽ ആയിരുന്നില്ല; സുഷുപ്തിയിലായിരുന്ന ജനതയെ അതിന്റെ ദിവ്യശക്തി വീണ്ടും കണ്ടെത്താൻ പ്രേരിപ്പിച്ച ഗദ്യമന്ത്രമായിരുന്നു അത്. ബങ്കിം ബാബു തന്റെ ഒരു കത്തിൽ എഴുതിയതിങ്ങനെ: “എന്റെ എല്ലാ കൃതികളും ഗംഗയിൽ നഷ്ടപ്പെട്ടാലും എനിക്ക് എതിർപ്പില്ല; ഈ ഒരു ഗീതം മാത്രം അനശ്വരമായി നിലനിൽക്കും. അതൊരു മഹത്തായ ഗാനമായിരിക്കും, ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കും.’’ ഈ വാക്കുകൾ പ്രവചനാത്മകമായിരുന്നു. കോളനിവാഴ്ചയുടെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ എഴുതിയ ‘വന്ദേമാതരം’ ഉണർവിന്റെ പ്രഭാതഗാനമായി മാറി. സാംസ്കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച ഗാനമായി അതു മുഴങ്ങി. മാതൃഭൂമിയോടുള്ള ഭക്തിയാൽ തന്റെ ഓരോ അണുവിലും അനുരണനം ചെയ്ത ഒരു മനുഷ്യനു മാത്രമേ അത്തരം വരികൾ എഴുതാൻ കഴിയുമായിരുന്നുള്ളൂ.
1896ൽ, രബീന്ദ്രനാഥ ടാഗോർ ‘വന്ദേമാതരം’ എന്ന ഗാനം കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ചു. അത് ആ ഗീതത്തിന് അതിന്റെ ശബ്ദവും അനശ്വരതയും നൽകി. ഭാഷയുടെയും പ്രദേശത്തിന്റെയും അതിർവരമ്പുകൾ മറികടന്ന് രാജ്യത്തുടനീളം പ്രതിധ്വനിച്ചു. തമിഴ്നാട്ടിൽ, സുബ്രഹ്മണ്യ ഭാരതി ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു, പഞ്ചാബിൽ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ ധിക്കരിച്ച് അത് ആലപിച്ചു.
1905ൽ ബംഗാൾ വിഭജനസമയത്ത്, പ്രവിശ്യയിലുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷുകാർ ‘വന്ദേമാതരം’ പരസ്യമായി ചൊല്ലുന്നത് നിരോധിച്ചു. എന്നിരുന്നാലും, 1906 ഏപ്രിൽ 14ന് ബരിസാലിൽ ആയിരക്കണക്കിന് ആളുകൾ ഉത്തരവ് ലംഘിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തെരുവിൽ ചോരയൊലിപ്പിച്ചു നിന്നു; ഒരേ സ്വരത്തിൽ ‘വന്ദേ മാതരം’ എന്ന് ആർത്തുവിളിച്ചു.
അവിടെനിന്ന്, ഈ വിശുദ്ധഗാനം ഗദ്ദർ പാർട്ടിയുടെ വിപ്ലവകാരികളോടൊപ്പം കലിഫോർണിയയിലേക്ക് സഞ്ചരിച്ചു. നേതാജിയുടെ സൈനികർ സിംഗപ്പൂരിൽനിന്ന് മാർച്ച് ചെയ്യുമ്പോൾ ആസാദ് ഹിന്ദ് ഫൗജിന്റെ നിരകളിൽ അത് പ്രതിധ്വനിച്ചു. 1946ലെ റോയൽ ഇന്ത്യൻ നേവി കലാപത്തിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ ഇന്ത്യൻ നാവികർ ത്രിവർണ പതാക ഉയർത്തിയപ്പോഴും അത് മുഴങ്ങി. ഖുദിറാം ബോസ് മുതൽ അഷ്ഫാഖുള്ള ഖാൻ വരെയും, ചന്ദ്രശേഖർ ആസാദ് മുതൽ തിരുപ്പൂർ കുമരൻ വരെയും ആ മുദ്രാവാക്യം ഒന്നായി പ്രതിധ്വനിപ്പിച്ചു. അത് വെറുമൊരു ഗാനമായിരുന്നില്ല; അത് രാജ്യത്തിന്റെ ആത്മാവിന്റെ കൂട്ടായ ശബ്ദമായി മാറിയിരുന്നു. ‘വന്ദേമാതര’ത്തിന് “ഏറ്റവും മന്ദീഭവിച്ച രക്തത്തെ പോലും ഇളക്കിവിടാനുള്ള മാന്ത്രികശക്തി” ഉണ്ടെന്ന് മഹാത്മാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ലിബറലുകളെയും വിപ്ലവകാരികളെയും പണ്ഡിതരെയും സൈനികരെയും ഒരുപോലെ ഒന്നിപ്പിച്ചു. മഹർഷി അരബിന്ദോ പ്രഖ്യാപിച്ചതുപോലെ, അത് “ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രം’’ ആയിരുന്നു.